Friday 2 June 2017

ഒരു ഹൈറേഞ്ച് പ്രേതം

Share it Please

"ഒന്ന് പതുക്കെ പോവുമോ?"
ഞാൻ അവ്നോട് ചോദിച്ചു.
"പേടിക്കാതെടാ നല്ല ട്രാക്ഷൻ ഉണ്ട്.
ജോയി പറഞ്ഞു.  തേയിലത്തോട്ടതിന്റെ ഇടയിലൂടെ വളഞ്ഞു പുളഞ്ഞ് ഒരു  മലമ്പാമ്പിനെ പോലെ  കേറിയിറങ്ങി പോകുന്ന വഴിയിലൂടെ പായുകയാണ് ഞങ്ങളുടെ വണ്ടി. സമയം നാലു കഴിഞ്ഞതേ ഒള്ളെങ്കിലും വഴിയിൽ നല്ല കോടയായിരുന്നു.
"ഇവുടുത്തേ കാറ്റാണു കാറ്റ്'
ജോയി പാട്ട് മൂളുകയാണ്. ഇടുക്കികാരനാണന്ന കാര്യത്തിൽ പണ്ടേ അവനു അഭിമാനമാണ്. കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ
"ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്" എന്നും  എന്തുകാര്യത്തേക്കുറിച്ച് പറഞ്ഞാലും 
"അതൊക്കെ ഞങ്ങടെ ഇടുക്കീല് " എന്നും പറഞ്ഞിരുന്നവനാണ് ജോയി.
"മഹേഷിന്റെ പ്രതികാരം" ഇറങ്ങിയപ്പോ  ലീവെടുത്ത് നാട്ടിൽ വന്ന്  കട്ടപ്പന'സാഗര'യിൽ  തന്നെ പോയി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു ജോയി. അന്ന് വരേ കടുത്ത ലാലേട്ടൻ ഫാൻ ആയിരുന്ന ജോയി 'പോത്തേട്ടൻ ബ്രില്ല്യന്സ്' നേ പറ്റിയും ഫഹദിന്റെ മിതത്വത്തേക്കുറിച്ചുമൊക്കെ വാചാലനാവാൻ തുടങ്ങി. എല്ലാവർക്കും അവധി ഒത്ത് വന്ന സമയത്ത് തന്നെ പതിവുപോലെ ജോയി വീട്ടിലേയ്ക്ക് വാ മുറവിളി കൂട്ടിയപ്പോ പിന്നെ രണ്ടാമതൊന്നാലോചിചില്ല
ഞാനും വിവേകും നേരേ പുറപ്പെട്ടു.  പ്രമുഖ പത്രത്തിന്റെ തൃശ്ശൂർ ഒഫിസിൽ സബ് എഡിറ്റർ ആയ വിവേക് കൗമാരം പ്രാപിക്കുന്നതേ ഉള്ളു. പൊടിമീശയിൽ ഇടതുകൈയ്യുടെ ചൂണ്ടുവിരൽകൊണ്ട് തടവി ആരോടോ ഫോണിൽ സൊള്ളുകയാണ് കക്ഷിയിപ്പോൾ. ആരതിയായിരിക്കണം.
പാലയിലെ എന്റെ‌ വീട്ടിലെത്തിയ  വിവേകും ഞാനും ആനവണ്ടിയിൽ കയറി  നേരേ മുണ്ടക്കയം ചാടി.
കെ. കെ റോഡിൽ വെള്ള ഷർട്ന്റെ ആദ്യ ബട്ടൺ അലസമായി അഴിച്ചിട്ട് കഴുത്തിലെ സ്വർണ്ണച്ചെയിനിനു മുഖം കാണിക്കാൻ അവസരം കൊടുത്ത് , കറുത്ത ഗ്ലാസ്സും വെച്ച് ചുകന്ന പെയിന്റടിച്ച ജീപ്പിൽ ചാരി നിൽക്കുന്നത് ജോയ് ആണെന്ന്  തിരിച്ച് അറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. കുറച്ചു ചീർത്തിട്ടുണ്ടെങ്കിലും ഒരുപാട് പെൺകുട്ടികൾ സ്വപ്നം കണ്ട ജോയ് എബ്രഹാം തന്നെ ഇത് .നാടൻ ചോറും കറികളും കുരുമൊളകിട്ട ബീഫ് ഫ്രൈയും (ഇതൊന്നുമല്ല ബീഫ് ഫ്രൈ, നീ വീട്ടിലേയ്ക്ക് വാ അമ്മച്ചി ഒണ്ടാക്കിത്തരും) ഒക്കെ വീട്ടിലെ ഭക്ഷണം എന്ന ബോർഡ് വച്ച കടേന്ന് കഴിച്ച് ചിറിയും തുടച്ചു നേരേ വണ്ടിയിൽ കയറിയതാണ്. പിന്നെ കോളേജിലെ  വീരസാഹാസങ്ങളും ഇടയ്ക്ക് ജോലി വിശേഷങ്ങളും പറഞ്ഞ് ഇരുന്നു. ശുദ്ധ തമിഴ് ബ്രാഹ്മണനായ ജൂനിയർ പയ്യനെ 'ഫോറിൻ അച്ചാറ്' തീറ്റിച്ച കഥ  എല്ലാത്തവണത്തേം പോലെ പറഞ്ഞ് ജോയി പൊട്ടിച്ചിരിച്ചു.
"ജോയി അണ്ണാ അന്ത ഫോറി‌ൻ പിക്കിൾസ് റൊമ്പ പ്രമാദമായിരിക്ക്, ജാസ്തി കെടയ്ക്കുമാ?"
നമ്പൂരി ചെക്കന്റെ നിഷ്കളങ്കമായ ചോദ്യം ഞങ്ങളെല്ലാം  കേട്ടതുമാണ്.
പിന്നെത്തെ സ്റ്റോപ്പ്  ക്യൂൻസ് ബിയർ ആൻഡ് വൈൻ പാർലർ ആയിരുന്നു ഞാനും വിവേകും ഓരോ ചിൽഡ് ബിയറു കഴിച്ചു.
"ഡോണ്ട് മിക്സ് ഡ്രിങ്ക് വിത് ഡ്രൈവ് " എന്ന് പറഞ്ഞ് ജോയി ഡ്രിങ്ക് നിരസിച്ചു.
____________________
എസ്ബീലെ ബാസ്ക്കറ്റ്ബോൾ ക്യാപ്റ്റൻ ആയിരുന്ന സമയത്ത് എസ്.ബി കപ്പിൽ ഇവാനിയോസിനെതിരെ ഉള്ള  ഫൈനലിൽ അവസാന നിമിഷം ത്രീ പോയിന്റ്ർ ഷൂട്ട് ചെയ്തപ്പളും ജോയിടെ കണ്ണ് ഐശ്വര്യായിൽത്തന്നെ ആയിരുന്നു. പെൺകുട്ടികൾ ധാരാളം പിറകേ നടന്നിട്ടും അതിൽ നിന്നൊക്കെ പുളവനേപ്പോലെ തെന്നിമാറിയ അവൻ അവളുടെ വട്ടക്കണടയിലും ആരേയും മൈൻഡ് ചെയ്യാത്ത നടത്തത്തിലും എന്താ കണ്ടേന്ന് ഇംഗ്ലീഷ് സെക്കന്റ് ഇയറിലെ തന്നെ ലീനാ പോൾ എന്നോട് ചോദിച്ചിരുന്നു. മിലൻ കുന്ദേരയ്ക്കും മാർകേസിനും ഇറ്റാലോ കാല്വിനോയ്ക്കുമൊപ്പം ധാരാളം പാറ്റാകളൾക്കും വീടൊരുക്കിയ ആ  ലൈബ്രറി ഷെൽഫുകൾക്കിടയിൽ അവരുടെ കണ്ണുകൾ ഉടക്കിയിട്ടുണ്ടാവണം. ഏതായാലും ഒന്നിരിട്ടി വെളുത്തപ്പളേയ്ക്കും രണ്ട് കാര്യങ്ങൾ സംഭവിച്ചു
1. ഐശ്വര്യായും ജോയിയും പ്രണയത്തിലായി
2. അവന്റെ അപ്പനേപ്പോലെ തന്നെ കടുത്ത മലയോര കോൺഗ്രസ്സ് അനുഭാവി ആയിരുന്ന ജോയി തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായി.
പാർട്ടി ലേബൽ ഒഴികെ ബാക്കിയെല്ലാം കൊണ്ടും കമ്മ്യൂണിസ്റ്റ് ആയിരുന്ന ജോയ് ചുവടുമാറ്റം ഒഫീഷ്യൽ ആക്കി എന്നതിലുപരി മറ്റൊന്നും ഞങ്ങൾക്ക് തോന്നിയില്ല എങ്കിലും എല്ലാവരുടെയും കാര്യം അങ്ങനെ ആയിരുന്നില്ല.
അങ്ങനെ അവനു രണ്ടുകൂട്ടം ശത്രുക്കളും ആയി.
ഇത്ര സുന്ദരികളും (സ്വജാതിക്കാരും!) ആയ തങ്ങളിവിടെ ഉണ്ടായിരുന്നിട്ടും 'ഐശ്വര്യായേപ്പൊലൊരുത്തിയെ' പ്രേമിച്ച  ജോയെ   വെറുക്കാൻ  തുടങ്ങിയ കോളേജിലെ ഗസറ്റഡ് സുന്ദരിമാരാണ് ആദ്യത്തെ കൂട്ടെരെങ്കിൽ തിന്നത് എല്ലിന്റെടേൽ കേറിയതിറ്റെ കുത്തിക്കഴപ്പാണു ജോയുടെ കമ്മ്യൂണിസം എന്ന് പറഞ്ഞ  കെ‌.എസ്.യുക്കാരായിരുന്നു. ആദ്യത്തെ കൂട്ടരോട് ഒന്നിച്ചു നടന്നും മതിയാവോളം പ്രേമിച്ചും ജോയും ഐശ്വര്യായും മധുരപ്രതികാരം വീട്ടിയെങ്കിൽ രണ്ടാമത്തെ കൂട്ടരിൽ പ്രധാനിയായ സ്റ്റീഫൻ സക്കറിയായുടെ  മുണ്ട് അയാൾ ശാന്തേ ചേച്ചിയുടെ വീട്ടിൽ സ്നേഹം കൂടാൻ പോയപ്പോൾ ചാത്തന്മാർ മരം കേറ്റിച്ചു. അവ്ടുന്നു പതുങ്ങി എറങ്ങിയ സ്റ്റീഫനെ സ്ഥലത്തെ പ്രധാന ദിവ്യന്മാരു കൂടി പെരുമാറി‌. അന്നത്തെ മുഖ്യമന്ത്രിടെ പെങ്ങടെ നാത്തൂന്റെ കുഞ്ഞമ്മാവന്റെ ആരോ ആയിരുന്നിട്ടു കൂടി സ്റ്റീഫന്റെ രാഷ്ട്രീയ ഭാവി കാറ്റിൽ പറന്നു.
കോളേജിൽ നിന്ന് ഇറ‌ങ്ങി കഴിഞ്ഞിട്ട്  ഐശ്വര്യയും ജോയിം തമ്മിൽ എന്തു സംഭവിച്ചു എന്നു ആർക്കും അറിഞ്ഞുകൂട. പിന്നീട് എഴുത്തുകാരിയും നവയുഗ ലിബറലുമായ ഐശ്വര്യക്ക് ജോയിടെ അച്ചായത്തരങ്ങൾ പിടിക്കാതെ ആയിക്കാണും എന്ന് അസൂയക്കാർ പറഞ്ഞു.
ജോയി ആവട്ടെ "ഇഫ് യു റിയലി ലവ് ഹെർ ലെറ്റ് ഹെർ ഗോ"
എന്നും മറുപടി കൊടുത്ത്  ജീവിതത്തിന്റെ തിരക്കുകളിലേയ്ക്ക് ഊർന്നിറങ്ങി. പിന്നെ ആ ഒരു ഫോൺ കോൾ വരെ അവൻ എവിടാരുന്നന്നോ എങ്ങനെ ആരുന്നന്നോ  ഒരു പിടിയിം ഇല്ലാരുന്നു.
മൾട്ടി നാഷണൽ കമ്പനിയിൽ കീഴിൽ ഒരുപാട് സായിപ്പന്മാരുള്ള ജോലിയാണന്നൊക്കെ ഇടയ്ക്കാരോ പറയുന്നതു കേട്ടു.
ഐശ്വര്യായാകട്ടെ  അവളുടെ _The  grandfather's tale_ ലിനു മാൻ ബുക്കർ പ്രൈസിനു ഷോട് ലിസ്റ്റ് ചെയ്തു എന്നും പറഞ്ഞും അവളുടെ അനാർകിക്  ആയിട്ടുള്ള അഭിപ്രായങ്ങൾക്കും ഇംഗ്ലീഷ് പത്രങ്ങളിൽ നിറഞ്ഞു നിന്നു. ന്യൂയോർക്ക് ടൈംസ് റിവ്യൂ  ചെയ്ത _chettan_ എന്നും _chechi_ എന്നും  _ammachi_  എന്നും ഇറ്റാലിക്സിൽ  അടിച്ചു വന്ന നോവലുകൾ പഴയ ശത്രുക്കൾ വരെ വാങ്ങി വായിക്കുവാൻ തുടങ്ങി.
____________________

റോഡിന്റെ നടുവിൽ അങ്ങനെ നിൽക്കുകയാണ് ഒരു മുട്ടൻ പോത്ത്. 6:00 മണിയെത്തിയതോടെ മൂടൽ മഞ്ഞ്  വഴിയിൽ അങ്ങനെ പരന്നു. ജീപ്പോട് പോത്തുമുട്ടിയാൽ  കാണത്ത മഞ്ഞ്‌. അതിന്റെ ഇടയ്ക്കു നിന്നാണ് ഭീകരനായ  പോത്ത് റോഡിന്റെ നടുക്കു കേറി ഒരേ നിൽപ്പ് നിൽക്കുന്നത്. വിവേക് ഫോൺ വിളിയൊക്കെ അവസാനിപ്പിച്ച് പോത്തിനെ തന്നെ മിഴിച്ച് നോക്കിയിരിക്കുകയാണ്.
"നീ പേടിക്കാതെടാ വിവേകേ അത്  ഒടിയനൊന്നുമല്ല."
ജോയ് നീട്ടി രണ്ട്  ഹോൺ അടിച്ചു പോത്ത് ജോയിയെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് മറുകണ്ടം ചാടി മറഞ്ഞു.
മാടനും മറുതയും ഒടിയനും ഒക്കെ സ്വൈര്യവിഹാരം നടത്തുന്ന  തനി പാലക്കാടൻ ഗ്രാമത്തിൽ ജനിച്ച് വളർന്നതാണ് വിവേകിന്റെ ഭീതിയുടെ അടിസ്ഥാനമെങ്കിൽ ഹൈസ്കൂൾ സമയത്ത് വായിച്ചു തള്ളിയ കോട്ടയം പുഷ്പനാഥ് നോവലുകളായിരുന്നു എന്റെ ഇറാഷണൽ ഫിയറിനാധാരം. ഡ്രാക്കുളയുടെ അങ്കി, ഡ്രാക്കുള ഇന്ത്യയിൽ തുടങ്ങി അരഡസൻ ഭീകരനോവലുകളായിരുന്നു മൂടൽ മഞ്ഞും തേയിലത്തോട്ടവും എല്ലാം എന്റെ മനസ്സിൽ കൊണ്ടുവന്നത്. എന്റെ നട്ടെല്ല് വഴി ഒരു തരിപ്പ് അരിച്ചു കേറി.
"ഹൈറേഞ്ചിന്റെ മണ്ണിൽ മറുതേം ഒടിയനും ഒന്നുമില്ല. ആകെ  ഉണ്ടായിരുന്ന  കുറച്ച് ദുരാത്മാക്കൾ ക്രിസ്ത്യാനികൾ ഇവിടെ കുടിയേറിത്താമസിച്ചപ്പോൾ ചുട്ടു തിന്ന പുഴമീന്റെ ചങ്കും കരളും പുകയുന്ന ഗന്ധമേറ്റ്¹ കുമളി വഴി തമിഴ്‌നാട്ടിലേയ്ക്ക് സ്ഥലം വിട്ടു"
ജോയി ചിരിച്ചു.
____________________

ജോയിടെ വീട്ടിൽ ഞങ്ങളെത്തിയപ്പോൾ ഇരുട്ട് നല്ലതു പോലെ വീണു കഴിഞ്ഞിരുന്നു.  വശങ്ങളിൽ ജാതിമരങ്ങൾ നിൽക്കുന്ന പുല്ലു വഴിയിലൂടെ ചരൽക്കല്ലുകൾ വിരിച്ച മുറ്റത്തെത്തി ജീപ്പ് ഇരച്ച് നിന്നു.
അറേം നിരയുമൊക്കയള്ള വീടിന്റെ തിണ്ണയിൽ ചാരുകസേരയിൽ പുകവലിച്ചുകൊണ്ടിരിക്കുന്ന രൂപം ജോയുടെ അപ്പൻ തന്നെ.‌ഹൈറേഞ്ചിൽ എവുടുന്നാണു ഇങ്ങനത്തെ ഒരു വീട് എന്ന് ആലോചിച്ച് നിൽക്കേ  പിറകിൽ നിന്ന് ശബ്ദം.
"കാഞ്ഞിരപ്പള്ളിയിലെ ഞങ്ങടെ കുടുംബ വീടാരുന്നു. സണ്ണിക്കുട്ടി അത് പൊളിക്കുകാന്നു കേട്ടപ്പോ ഞാൻ ചെന്ന് ഒരു തരി  കളയാതെ ഇങ്ങ് കൊണ്ട് പോന്നു.ചുമ്മാതൊന്നുമല്ല കേട്ടോ, മാർക്കറ്റ് വില എണ്ണിക്കൊടുത്ത്  തന്നെയാ ശകലം കഷ്ടപ്പെട്ടാല്ലെന്താ ഉത്തരോം കഴുക്കോലും തട്ടും എല്ലാം തനി തേക്കാ. വേറേ മരം കൂട്ടിതൊട്ടിട്ടില്ല"
പുകയൂതി വിട്ടുകൊണ്ട് ജോയിടെ അപ്പൻ പറഞ്ഞു. ഞാനും വിവേകും വീട്ടിനുള്ളിൽ കടന്നു. ഇലക്ട്രിക് ബൾബിന്റെ വെട്ടത്തിൽ ഉത്തരത്തിൽ കൊത്തിവെച്ചിരിക്കുന്ന ചിത്രങ്ങൾ ഞാൻ കണ്ടു.
ചെന്നായയും മാലാഖമാരും വ്യാളിയുമൊക്കെ. വെട്ടം ചിതറി വ്യാളിയുടെ നാസാരന്ധ്രങ്ങളിൽ നിന്ന് തീപ്പൊരികൽ ചിതറുന്നതുപോലെ തോന്നി. ചൈനീസ് വർക്ക് ആയിരിക്കണം. പുണ്യപുരാതന  സിറിയൻ കൃസ്ത്യൻ കുടുംബം ആയ ജോയിടെ വീട്ടുകാർക്ക് പഴേകാലത്ത്  ചീനന്മാരുമായി വ്യാപരബന്ധങ്ങൾ ഉണ്ടായിരുന്നോ?
ഞാൻ  ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഇരിക്കുന്ന  ജോയുടെ അപ്പനെ പാളി നോക്കി. മങ്ങിയ വെളിച്ചത്തിൽ അയാളുടെ മുഖം കൂർത്ത് വരുന്നതുപോലെ.
"നിങ്ങളിവിടെ നിൽക്കുവാരുന്നൊ, കേറി വാ അകത്തമ്മച്ചി കാപ്പിയെടുക്കുന്നു."
കുമ്പിളപ്പം, അവലോസുണ്ട അങ്ങനെ ധാരാളം നാടൻ പലഹാരങ്ങളും കട്ടൻ കാപ്പിയും മേശപ്പുറത്ത് നിരത്തി വച്ചിരുന്നു. കാപ്പികുടിക്കുന്നതിനിടയിലും ജോയിടെ അപ്പൻ ഇടതടവില്ലാതെ  സിഗരറ്റ് വലിച്ചു.
"പണ്ടിതിയാൻ ബീഡിയാണു  വലിച്ചോണ്ടിരുന്നേ. സിഗരറ്റ് വലി ഈയിടെ തൊടങ്ങിയതാ. ഇതിപ്പോ ജോയിമോൻ കൊണ്ടുവന്ന മാൽബ്രൊയാ."
ജോയീടമ്മച്ചി പറഞ്ഞു.
____________________

വറുത്തു‌ മൊരിഞ്ഞ ചിക്കൻ പീസുകൾക്കൊപ്പം 'ബ്ലെൻഡെർസ് പ്രൈഡും' വിസ്കിയും ഞങ്ങൾ കഴിച്ചു. തലയ്ക്ക് ചെറിയ മന്ദത അനുഭവപ്പെട്ടപ്പോൾ ജോയി പറഞ്ഞു
"നമുക്ക് വല്ല സിനിമായും കണ്ട് കിടക്കാം"
ഞാൻ ഇല്ലായെന്ന് പറഞ്ഞ് വായിക്കാനായി കൊണ്ട് വന്ന   ഗോഡ് ഡെലൂഷനും എടുത്തു കട്ടിലിലേയ്ക്ക് കിടന്നു.
____________________
നീട്ടിയടിക്കുന്ന മൊബൈൽ റിങ് കേട്ടാണ് ഞാനുണർന്നത്. പാതിമയക്കത്തിൽ കണ്ണ് തിരുമി.  നോക്കിയപ്പോൾ ഞാൻ കിടക്കുന്നത് തേയിലക്കാടിനു നടുവിലുള്ള ഒരു പാറപ്പുറത്താണ്.ചുറ്റും നല്ല കോട. ജോയീടെം വിവേകിന്റ്റെയും പൊടിപോലുമില്ല.എനിക്കാണെങ്കിൽ അതിഭയങ്കരമായ വിശപ്പ്. ഉറക്കത്തിൽ നടന്ന് ഞാൻ അവ്ടെ എത്തിയതാണെന്ന് വിചാരിച്ച് എഴുന്നേൽക്കുമ്പോൾ നെഞ്ചത്തതാ റിച്ചഡ് ഡോക്കിൻസിന്റെ ഗോഡ് ഡെലൂഷൻ. തലേന്നത്തെ സംഭവ വികാസങ്ങളൊക്കെ ഒരു ടെക്നികളർ ചിത്രം പോലെ എന്റെ മനസ്സിലൂടെ കടന്ന് പോവാൻ തുടങ്ങി. റിങ് ചെയ്യുന്ന ഫോൺ വിവേകിന്റ്റേതാണന്നെനിക്ക് മനസ്സിലായി. വീശിയടിക്കുന്ന തണുപ്പുകാറ്റുകൊണ്ടോ എന്തോ ഞാൻ വിറയ്ക്കാൻ തുടങ്ങി. മരവിച്ച് വിരലുകൾ കൊണ്ട് ഞാൻ ഫോൺ കൈയ്യിലെടുത്തു. ബെല്ലടിച്ചു തീർന്നിരുന്നു.
13 മിസ്ഡ് കോൾസ്.ആരതിയാണ്.
അത് അവിടെ വെച്ച് ഗോഡ് ഡെലൂഷനും കയ്യിൽ  പിടിച്ചു ഞാൻ ഓടി റോഡിലെത്തി. അവിടുന്ന് കിട്ടിയ വണ്ടിക്ക് കയറി. അവിടുന്നും പലവണ്ടികൾ മാറിക്കയറി വീട്ടിലെത്തും വരെ എന്റ്റെ മനസ്സ് അസ്വസ്ഥമായിരുന്നു. മുണ്ടക്കയത്ത് എത്തിയപ്പോൾ വലതുവശത്ത് ചുവന്ന ജീപ്പ് കിടക്കുന്നത് എനിക്ക് മനസ്സിൽ കാണാമായിരുന്നു. എത്ര ശ്രമിച്ചിട്ടും അങ്ങോട്ടു നോക്കാനുള്ള ധൈര്യം വന്നില്ല.

Epilogue:

വീട്ടിലെത്തിയ പാടെ  പഴയ ക്ലാസ്മേറ്റ്സിനെ മാറി മാറി വിളിച്ചു ആരും തന്നെ ഫോണെടുത്തില്ല എടുത്ത  അരുൺ ഇടുക്കിയിൽ നിന്നുണ്ടാരുന്നത് ഒരു ജോൺ മാത്യു ആയിരുന്നെന്നും അയാള് കുടുംബവുമായി യു. എസിൽ സെറ്റിൽഡാണെന്നും പറഞ്ഞു.
____________________

മധ്യകേരളത്തിലെ ഒരു നഗരം.
മൊബൈൽ ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നത് കേട്ട് അരുൺ ബൈക്ക് റോഡിന്റെ സൈഡിൽ ഒതുക്കി നിർത്തി. അണ്നോൺ  നംബറാണ്. അരുൺ കോളെടുത്ത് ചെവിയിലേയ്ക്ക് ചേർത്തു.
"അളിയാ, ഇത് പോളാണ്. നമുക്കൊന്ന്  കൂടെണ്ടേ? നീ വീട്ടിലേയ്ക്ക് വാ."
____________________

Footnotes :

1. ബൈബിൾ കഥ. തോബിതിന്റെ പുസ്ത്കത്തിൽ തന്റെ ഭാര്യയിൽ നിന്ന്  ദുരാത്മാവിനെ 'പുകച്ച്' പുറത്തക്കാൻ അയാൾ മത്സ്യത്തിന്റ്റെ ചങ്കും കരളും പുകയ്ക്കുന്നു.

Book of Tobit
Chapter 6, verse 8

He answered: “As for the fish’s heart and liver, if you burn them to make smoke in the presence of a man or a woman who is afflicted by a demon or evil spirit, any affliction will flee and never return.

No comments:

Post a Comment

GET CAFFINATED

About